വയനാട്: ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളെ കണ്ടെന്ന് വാർത്ത പ്രചരിച്ചതിന് പിന്നാലെ സ്ഥിരീകരിച്ച് വനം വകുപ്പ്. കടുവകൾ നാട്ടിലിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കൂടുവെച്ച് പിടിക്കാൻ ആലോചന നടക്കുന്നുണ്ടെങ്കിലും തള്ളക്കടുവയും കുട്ടികളുമായതാണ് വനംവകുപ്പ് നേരിടുന്ന പ്രതിസന്ധി. പ്രശ്നം പരിഹരിക്കാൻ കർണ്ണാടക വനം വകുപ്പിൻ്റെ ഹ്യൂജ് കേജ് ഉപയോഗിക്കാൻ തീരുമാനമായിട്ടുണ്ട്
വയനാട് ചുണ്ടേൽ പ്രദേശത്തെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തി വിഹരിക്കുന്നത് നാലു കടുവകളെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വനംവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയതോടെ പ്രദേശവാസികളുടെ ഭയം ഇരട്ടിച്ചു. കടുവകളുടെ ചിത്രങ്ങൾ വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെ ടെക്നിക്കൽ കമ്മിറ്റി വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ഹ്യൂജ് കേജ് വെയ്ക്കാൻ ഉദ്ദേശിക്കുന്നത്.
നാലുകടുവകളുള്ള സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ വനം വകുപ്പിന്റെ സംരക്ഷണയിലാണ് സ്കൂളിൽ കൊണ്ടുപോയി തിരികെക്കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം മൂന്നുപശുക്കളെ കടുവ ആക്രമിച്ചു കൊന്നതോടെയാണ് പ്രദേശത്ത് ഭീതിപടർന്നത്. തേയില തോട്ടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളും പരിചരിക്കാത്തതിനാൽ കാടുകയറി കിടക്കുന്നതും വന്യമൃഗങ്ങൾ ജനവാസ പ്രദേശത്തിറങ്ങാൻ കാരണമായിട്ടുണ്ട്.