പൂനൂർ: മൂന്ന് ദിവസമായി പൂനൂരിനെ കലാസ്വാദനത്തിൻ്റെ ഉത്തുംഗതയിലേക്ക് ഉയർത്തിയ ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ (ജനറൽ) വിഭാഗങ്ങളിൽ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
260 പോയൻ്റുമായാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ജിഎച്ച്എസ് കോക്കല്ലൂർ ഓവറോൾ കിരീടം നേടിയത്. 215 പോയൻ്റുമായി പാലോറ എച്ച്എസ്എസ് ഉള്ളിയേരി രണ്ടാം സ്ഥാനവും 2 13 വീതം പോയൻ്റുമായി ജിവിഎച്ച്എസ്എസ് ബാലുശ്ശേരി, ജിഎച്ച്എസ്എസ് പൂനൂർ എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ (ജനറൽ) വിഭാഗത്തിൽ 232 പോയൻ്റുമായാണ് ജിഎച്ച്എസ്എസ് കോക്കല്ലൂർ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായത്. 231 പോയൻ്റുമായി നന്മണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 168 പോയൻ്റുമായി ജിഎച്ച്എസ്എസ് പൂനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി ജനറൽ വിഭാഗത്തിൽ ഇൻഡസ് ഇംഗ്ലീഷ് മീഡിയം സ്കൂളും എയുപിഎസ് പി സി പാലവും 80 പോയൻ്റുമായി സംയുക്ത ജേതാക്കണ്ടായി. 76 വീതം പോയൻ്റുകൾ നേടി സരസ്വതി വിദ്യാമന്ദിറും എയുപിഎസ് ചീക്കിലോടും രണ്ടാം സ്ഥാനത്തും 74 പോയൻ്റുമായി ജിഎച്ച്എസ്എസ് കോക്കല്ലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽപി ജനറൽ വിഭാഗത്തിൽ 65 പോയൻ്റുമായി എസ്എംഎംയുപി എസ് ശിവപുരവും 63 പോയൻ്റുമായി എയുപിഎസ് പി സി പാലവും എഎംഎൽപി എസ് ചീക്കിലോടും എഎൽപിഎസ് കാക്കുരും രണ്ടാം സ്ഥാനം പങ്കിട്ടു. 61 പോയൻ്റുമായി എഎൽപിഎസ് ജ്ഞാനപ്രദായനിയാണ് മൂന്നാം സ്ഥാനത്ത്.
സമാപന സംഗമത്തിൽ സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ എൻ അജിത്കുമാർ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അനിത വി കെ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, എ ഇ ഒ പി ഗീത, ബ്ലോക്ക് അംഗം സാജിദ പി തുടങ്ങിയവർ സംബന്ധിച്ചു.