ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വം എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും കോടതി ആരാഞ്ഞു. കുട്ടികളെ സന്യാസ മഠങ്ങളിലേയ്ക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു. മദ്രസ മാറാന്‍ വിദ്യാർത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഉത്തർപ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ മതപഠനം ഭരണഘടന വിലക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.
അതേസമയം, മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശവും കത്തിന്‍റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ മദ്രസ ബോർഡുകളുടെ അംഗീകാരം റദ്ദാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്‍റെ ശുപാർശ. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചിരുന്നു.
മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്ന കേരളത്തിന്‍റെ വാദം ബാലാവകാശ കമ്മീഷൻ തള്ളുകയും ചെയ്തിരുന്നു. സർക്കാർ നേരിട്ടല്ലാതെ ധനസഹായം നൽകുന്നുണ്ടെന്നായിരുന്നു കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോയുടെ ആരോപണം. ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്. മദ്രസകളിൽ ഇസ്ലാമിക ആധിപത്യമാണ് പഠിപ്പിക്കുന്നതെന്ന് 71 പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്ക് എതിരാണ്. ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണെന്ന ഗുരുതരമായ ആരോപണവും റിപ്പോർട്ടിലുണ്ടായിരുന്നു. മദ്രസകളിലെ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കമുണ്ടെന്നും പരിശീലനം ലഭിക്കാത്ത അദ്ധ്യാപകരാണ് മദ്രസകളിലുള്ളതെന്നും കമ്മീഷന്‍റെ റിപ്പോർട്ടിലുണ്ട്.