കുന്ദമംഗലം: കോഴിക്കോട് നിന്നും മാനന്തവാടിയിലേക്കുള്ള യാത്രക്കിടെ ശ്വാസതടസം നേരിട്ട വിദ്യാർത്ഥിക്ക് രക്ഷകരായി കെഎസ് ആർടിസി ബസ്സിലെ ജീവനക്കാർ. മാനന്തവാടി ഡിപ്പോയിലെ ബസ് ഡ്രൈവർ അഷറഫും കണ്ടക്ടർ ഷിനോജുമാണ് സമയോചിതമായ ഇടപെടലിലൂടെ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ക്ലാസ് കഴിഞ്ഞ് അടിവാരത്തെ വീട്ടിലേക്ക് പോകുകയായിരുന്ന അടിവാരം സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് ശ്വാസതടസ്സം നേരിട്ടത്. തുടർന്ന് ബസ് ഡ്രൈവറും കണ്ടക്ടറും സിപിആർ നൽകി ഉടൻ കാരന്തൂർ മർക്കസിന് സമീപമുള്ള ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയും, അരമണിക്കൂറോളം ബസ് ക്ലിനിക്കിൽ നിർത്തിയിടുകയും ചെയ്തു. പിന്നീട് കുന്ദമംഗലത്തിന് സമീപമുള്ള ബന്ധു ഉടൻ അവിടേക്ക് എത്തിച്ചേരുമെന്ന് അറിയിച്ചതിനാൽ സഹപാഠിയേയും മറ്റൊരു യാത്രക്കാരനെയും വിദ്യാർത്ഥിനിയുടെ കൂടെ നിർത്തിയാണ് ബസ് യാത്ര തുടർന്നത്.