നരിക്കുനി: നരിക്കുനി കൊട്ടയോട്ട്താഴം സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കോഴിക്കരയിൽ മനോജിൻ്റെ (49) വിയോഗം നാട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും തീരാവേദനയായി. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ നിന്നും ജോലിക്ക് പോയ സഖാവിൻ്റെ തിരിച്ചുവരവ് ഇങ്ങനെയാവുമെന്ന് പാർട്ടി പ്രവർത്തകരാരും കരുതിയിരുന്നില്ല.
നരിക്കുനിയിലെ പാർട്ടി ഓഫീസിലും ശേഷം വരിങ്ങിലോറ മലയിലെ പാതയോരത്തെ പ്രത്യേകം സജീകരിച്ച സ്ഥലത്തും പിന്നീട് വീട്ടിലും മനോജിൻ്റെ ചേതനയറ്റ ശരീരം അവസാനമായി ഒന്ന് കാണാനും അന്ത്യോപചാരങ്ങൾ അർപ്പിക്കാനും വൻ ജനാവലിയായിരുന്നു. കണ്ടുനിന്നവരെല്ലാം വീട്ടുകാരുടെ സങ്കടങ്ങൾക്കും ചോദ്യങ്ങൾക്കും മുൻപിൽ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ വീടിൻ്റെ വയറിങ്ങ് ജോലിക്കിടെ പുല്ലാളൂരിൽ വെച്ചായിരുന്നു അപകടം. ജോലിക്കിടയിൽ വീടിന്റെ മുകളിലെ നിലയിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായ പരിക്കുപറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. അച്ഛൻ: കോരൻ അമ്മ: ചിരുത. സഹോദരി: നളിനി. ഭാര്യ: അജിത മക്കൾ: മഹേഷ്, അനന്തു, അഭിരാമി.