കൊടുവള്ളി: പന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കരുവൻപൊയിൽ സ്വദേശിയായ പ്ലസ്‌വൺ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥി നൂറുൽ ഇസ്‍ലാമിനെയാണ് രണ്ടാം വർഷ പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ നാലു വിദ്യാർത്ഥികൾ ചേർന്ന് നൂറുൽ ഇസ്‌ലാമിനെ സ്കൂൾ ഗ്രൗണ്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നെന്നാണ് നൂറുൽ ഇസ്‌ലാമിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മുടിവെട്ടണമെന്നും ഷർട്ടിന്റെ ബട്ടൺ ഇടണമെന്നും പറഞ്ഞായിരുന്നു മർദ്ദനം.
മർദ്ദനത്തിൽ നൂറുൽ ഇസ്‌ലാമിന്റെ മൂക്കിനും മുഖത്തും പരിക്കുണ്ട്. കഴുത്തുപിടിച്ച് തിരിച്ചതിനാൽ കഴുത്തിന് വേദനയുണ്ട്. ചെവിയുടെ ഭാഗത്തും അടിയേറ്റതിനാൽ വേദനയും നീർക്കെട്ടുമുണ്ട്. ഇടതു കൈപ്പത്തിയുടെ പുറം ഭാഗത്ത് മുറിവേറ്റ പാടുകളുണ്ട്. വ്യാഴാഴ്ചയും പത്തോളം വിദ്യാർത്ഥികൾ ബാത്ത്റൂമിൽ കൊണ്ടുപോയി മർദ്ദിച്ചതായും ഇതിനു മുൻപും പലതവണ ചെറിയ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നൂറുൽ ഇസ്‍ലാം പറയുന്നു.
മർദ്ദനത്തിൽ മൂക്കിൽനിന്ന് രക്തം വന്ന് അവശനായ നൂറുൽ ഇസ്‍ലാം ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. കുറ്റക്കാർക്കെതിരേ റാഗിങ് ആക്ട് പ്രകാരം കർശ്ശന നടപടി സ്വീകരിക്കണമെന്ന് പിതാവ് കുനിയിൽ ഹബീബ് റഹ്‌മാൻ പരാതിയിൽ ആവശ്യപ്പെട്ടു.