ഉള്ളിയേരി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിലെ ഉള്ളിയേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുത പരിക്ക്. സ്ഥിരം അപകട മേഖലയായ ഉള്ളിയേരി-19ാം മൈലിൽ പൊതുവിതരണ കേന്ദ്രത്തിന് സമീപമാണ് അപകടം. കൊയിലാണ്ടി പന്തലായനി സ്വദേശി പരലാത്ത് ചന്ദ്രൻ (42) ആണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരുകയായിരുന്ന കാറും ഉളളിയേരിയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാർ ഉടൻ തന്നെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ മേഖലയിൽ ഒരു മാസത്തിനിടെ നാലാമത്തെ അപകടമാണിത്. കഴിഞ്ഞയാഴ്ച നന്മണ്ട സ്വദേശിയായ യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ച് കാഞ്ഞിക്കാവ് ഊരാളികണ്ടി ഉണ്ണിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ ഉള്ളിയേരി സ്വദേശികളായ ബിജോയ്, അനുശ്രീ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്‌കൂട്ടറിടിച്ച് അനുശ്രീക്കും പരിക്കേറ്റിരുന്നു. 200 മീറ്റർ അടുത്ത് പൊയിൽ താഴെ സ്വകാര്യ ക്ലിനിക്കിന് മുൻവശം മിനി ഗുഡ്സ് ലോറി ഇടിച്ചായിരുന്നു അയ്യപ്പൻ കണ്ടി ആദർശിന് ജീവൻ നഷ്ട്ടപ്പെട്ടതും ഇവിടെയാണ്.
എത്രയും വേഗം അമിത വേഗതയ്ക്ക് പരിഹാരമായി റോഡിൽ സ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കമെന്ന് ട്രോമാകെയർ വളണ്ടിയർ ഗോവിന്ദൻകുട്ടി ഉള്ളിയേരിയും നാട്ടുകാരും ആവശ്യപ്പെട്ടു.