Trending

ആഡംബര ജീവിതം നയിക്കാൻ സ്വർണം മോഷണം; ഇന്‍സ്റ്റഗ്രാം താരം അറസ്റ്റിൽ


കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരം പിടിയിൽ. കൊല്ലം ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് യുവതിയെ ഭർതൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ നിന്ന് സ്വർണം മോഷണം പോകുന്നത്. ആറ് പവൻ വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ യുവതി സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണത്തിന് ചിതറ സ്റ്റേഷനിൽ തന്നെ പരാതി നൽകിയിരുന്നു. ഇവരുടെ വീട്ടിൽ നിന്നും സ്വർണം മോഷണം പോയിരുന്നു. രണ്ടാമത്തെ പരാതി കൂടി കിട്ടിയതോടെ പൊലീസ് മുബീനയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. സാമ്പത്തികമായി അത്ര നല്ല നിലയിൽ അല്ലാതിരുന്നിട്ടും മുബീന ആഡംബര ജീവിതമാണ് നടത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലായി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു.

തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, ആദ്യഘട്ടത്തിൽ മോഷണം നടത്തിയെന്ന് താനാണെന്ന് സമ്മതിച്ചില്ല. തുടർന്ന് പൊലീസ് തെളിവുകൾ ഒരോന്നായി നിരത്തിയതോടെ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് പറഞ്ഞു. മോഷണം നടത്തിയവയിൽ നിന്ന് കുറച്ച് സ്വർണ്ണവും പണവും പോലീസ് മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.

Post a Comment

Previous Post Next Post