ബാലുശ്ശേരി: ബാലുശ്ശേരി ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. സന്ധ്യയായാൽ തെരുവുനായ്ക്കളെല്ലാം കൈരളി റോഡിൽ തമ്പടിക്കുന്നത് കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുകയാണ്. നായ്ക്കൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നത് കാരണം വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
കൈരളി റോഡിലെ പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് മക്കളടക്കം തെരുനായ്ക്കളുടെ സഹവാസം. കൈരളി റോഡിലെ മത്സ്യക്കച്ചവടക്കാരുടെയും ചിക്കൻ സ്റ്റാളിലെയും ഒഴിവാക്കുന്ന മത്സ്യമാംസാവശിഷ്ടങ്ങൾ ലഭിക്കുമെന്നതിനാൽ നായ്ക്കൾ കൂട്ടത്തോടെ കൈരളി റോഡ് കേന്ദ്രീകരിച്ചാണ് കഴിഞ്ഞുകൂടുന്നത്. തെരുവുനായ് ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.