Trending

വ്യാജ സ്വർണ്ണം വിറ്റ് പണം തട്ടിയ ബാലുശ്ശേരി സ്വദേശി പിടിയിൽ


ബാലുശ്ശേരി: വ്യാജ സ്വര്‍ണം വിറ്റ് പണം തട്ടിയ പ്രതികളിൽ ഒരാൾ പിടിയില്‍. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22) ആണ് പിടിയിലായത്. മുഖ്യ സൂത്രധാരന്‍ പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് (22) നായി പോലീസ് വലവിരിച്ച് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ സെപ്തംബർ 27നാണ് കേസിനാസ്പദമായ സംഭവം. പേരാമ്പ്രയിലെ ജ്വല്ലറിയിൽ രണ്ട് പവന്‍ തൂക്കം വരുന്ന വ്യാജ സ്വര്‍ണ വള നല്‍കിയാണ് പ്രതികളായ ഇരുവരും ഒരു ലക്ഷത്തില്‍ അധികം രൂപ തട്ടിയത്. ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചു. 916 സീല്‍ ഉള്ളതുകൊണ്ടും സംശയകരമായി ഒന്നും തോന്നിയിരുന്നില്ല. അതുകൊണ്ട് പണം നല്‍കുകയും ചെയ്തു. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണു സംഭവം വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കടയുടമ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, ഇന്‍സ്പെക്ടര്‍ പി. ജംഷിദ്, എസ്ഐ കെ. സജി അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതികള്‍ മുങ്ങിയിരുന്നു. തുടർന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ബാലുശ്ശേരിയില്‍ വെച്ച് പ്രതിയെ അതി വിദഗ്ധമായി പിടികൂടി. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നാട്ടില്‍ ഇത്തരം വ്യാജ സ്വര്‍ണം കൂടുതലായി എത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post