Trending

ഉള്ളിയേരി കാഞ്ഞിക്കാവ് കനാൽപ്പാലം അപകടാവസ്ഥയിൽ


ഉള്ളിയേരി: തെരുവത്ത് കടവ്-പറമ്പിൻ്റെ മുകൾ റോഡ് കടന്നുപോവുന്ന കാഞ്ഞിക്കാവ് കാരയാടൻകണ്ടി താഴെയുള്ള കനാലിന് കുറുകെയുള്ള പാലം അപകടക്കെണിയാകുന്നു. പാലത്തിൻ്റെ അടിവശം കോൺഗ്രീറ്റ് ദ്രവിച്ച് കമ്പി പുറത്തായ നിലയിലാണ്. ഒട്ടനവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോവുന്നത്. കൂടാതെ പാലത്തിൻ്റെ ഇരുവശവും നേരത്തെ ഉണ്ടായിരുന്ന ഭിത്തിയ്ക്ക് പകരമുള്ള ഇരുമ്പ് പൈപ്പുകൾ ഇല്ലാത്തത് ഇരുചക്രവാഹനങ്ങൾക്കും തൊട്ടടുത്ത എ.എൽ.പി സ്കൂൾ കുട്ടികൾക്കും പാലം ഭീഷണി ഉയർത്തുന്നു. 

ഉള്ളിയേരി അങ്ങാടിയിൽ ഗതാഗത തടസ്സം നേരിടുമ്പോൾ കൂടുതൽ വാഹനങ്ങളും കടന്ന് പോകുന്നത് ഈ വഴിയാണ്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ പാലത്തിന് അൻപത് വർഷത്തെ പഴക്കമുണ്ട്. രാത്രികാലങ്ങളിൽ ഈ റോഡിലൂടെ കടന്നുപോവുന്ന വാഹനങ്ങൾ ഒരല്പം ശ്രദ്ധ തെറ്റിയാൽ പാലത്തിൽ നിന്നും 15 അടി താഴ്ചയിലേയ്ക്കാവും പതിക്കുക. പാലം വീതികൂട്ടി പുതുക്കി പണിയണമെന്ന് നാട്ടുകാരും ഉള്ളിയേരി-19ാം മൈൽ മൈത്രി റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post