കൊയിലാണ്ടി: കൊല്ലം നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും സി.പി.എം കൊടക്കാട്ടുമുറി നോര്‍ത്ത് ബ്രാഞ്ച് മെമ്പറുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍ താഴെകുന്നേകണ്ടി അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരെയും ഇന്നലെത്തന്നെ കൊയിലാണ്ടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30 ഓടെ കെ.പി.കെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ഇരുമ്പ് പൈപ്പും വടിവാളും ഉപയോഗിച്ചായിരുന്നു ആക്രമണം. നാലുപേര്‍ക്കും കൈക്കും തലയ്ക്കുമാണ് അടിയേറ്റത്. ഇന്നലെ വൈകുന്നേരം 6 മണി മുതല്‍ നന്ദകുമാറും സംഘവും നെല്യാടി അങ്ങാടിയിൽ വെച്ച് അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പരിക്കേറ്റ അഭിലാഷ് പറഞ്ഞു. സുരജ് നെല്യാടി, അമ്പാടി, നന്ദകുമാര്‍, സായൂജ് എന്നിവർ ചേർന്നാണ് തങ്ങളെ അക്രമിച്ചതെന്നും അഭിലാഷ് പറഞ്ഞു
പ്രദേശത്ത് കഞ്ചാവ് മയക്കുമരുന്നിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇന്നലെ രാത്രിയിൽ അക്രമണമുണ്ടായത്. സംഭവത്തിൽ അക്രമി സംഘത്തിലെ മുക്തി കൃഷ്ണ, നന്ദകുമാര്‍ എന്നിവരെയും പ്രതികൾ ഉപയോഗിച്ച വാളും പോലീസ് കസ്റ്റഡിയിലെടുത്തു.