Trending

നരിക്കുനി-പടനിലം റോഡ് നവീകരണം അനന്തമായി നീളുന്നു; യാത്രാദുരിതം പേറി ഇനിയെത്ര നാൾ


നരിക്കുനി: എല്ലാവീടുകളിലും പൈപ്പുവഴി ജലലഭ്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള ജൽജീവൻ പദ്ധതി നിർവഹണത്തിന്റെ കാലതാമസം കാരണം നൂറുകണക്കിന് യാത്രക്കാർ ഗതാഗതത്തിന് ആശ്രയിക്കുന്ന പൊതുനിരത്ത് താറുമാറായിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. പൊതുമരാമത്തുവകുപ്പ് ഒരുകോടിയോളം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച പടനിലം-നരിക്കുനി റോഡിന്റെ നവീകരണമാണ് ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതും കാത്ത് എങ്ങുമെത്താതെ കിടക്കുന്നത്. ജൽജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കാൻ അനുമതി തേടിയ നിരത്തിൽ ഒരുവർഷമായിട്ടും പ്രവൃത്തി തുടങ്ങാൻ സാധിക്കാത്തതാണ് റോഡ് നവീകരണത്തിന് വിലങ്ങുതടിയായത്.

പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും പൈപ്പ് സ്ഥാപിക്കാതെ റോഡ് നവീകരിക്കാനാവില്ല. റോഡ് നവീകരണപ്രവൃത്തി നടത്തിയാൽ പിന്നീട് ജലവിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കാൻ നിരത്ത് വെട്ടിപ്പൊളിക്കേണ്ടിവരും. ഒരു വശത്ത് പൈപ്പ് സ്ഥാപിക്കുന്നത് സാങ്കേതികത്വത്തിന്റെ പേരിൽ നീളുമ്പോൾ മറുവശത്ത് അനുമതി ലഭിച്ച റോഡിന്റെ നവീകരണം അനന്തമായി നീളുകയാണ്. പലയിടത്തും ടാർ അടർന്ന് ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ നടുവൊടിഞ്ഞ് യാത്ര ചെയ്യേണ്ടിവരുന്നവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. പൈപ്പ് സ്ഥാപിക്കുന്നത് വരെ തകർന്ന റോഡിലൂടെത്തന്നെ സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

പടനിലം-നരിക്കുനി റോഡിൽ ഇരുപത്തിയഞ്ചോളം ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ആരാമ്പ്രം, ചക്കാലക്കൽ, പൈമ്പാലശ്ശേരി, മടവൂർ, രാംപൊയിൽ, വെള്ളാരങ്കണ്ടി എന്നീ അങ്ങാടികളിലൂടെ കടന്നുപോകുന്ന റോഡിൽ മുഴുനീളെ കുഴികളാണ്. ചക്കാലക്കൽ ഹൈസ്കൂൾ, മടവൂർ എ.യു.പി സ്കൂൾ, ബൈത്തുൽ ഇസ്സ കോളേജ്, സി.എം. മഖാം സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് കുട്ടികൾ തകർന്നുകിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. ചക്കാലക്കൽ, രാംപൊയിൽപോലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. അപകടത്തിൽപ്പെടുന്നവരിൽ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചക്കാലക്കൽ പെട്രോൾ പമ്പിന് മുൻവശത്ത് രണ്ട് ബൈക്കുകൾ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതേദിവസം വൈകീട്ട് രണ്ടുസ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടർ ഇതേസ്ഥലത്ത് കുഴിയിൽ വീണ് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. റോഡിലെ കുഴികൾ ശ്രദ്ധയിൽപ്പെടുന്ന ബൈക്ക് യാത്രക്കാർ വാഹനം പെട്ടെന്ന് വെട്ടിക്കുന്നത് എതിരെ വരുന്ന വാഹനത്തിലിടിക്കാൻ കാരണമാകുന്നു. നവീകരണത്തിന് ഫണ്ട് ലഭ്യമായി ടെൻഡർ നടപടികളും പൂർത്തിയായപ്പോഴാണ് ജൽജീവൻ മിഷൻ റോഡ് വെട്ടിപ്പൊളിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയത്. പക്ഷെ, ഫണ്ടിന്റെ അപര്യാപ്തത കാരണം ജൽജീവൻ പ്രവൃത്തി അനന്തമായി നീളുകയുമാണ്. ജൽജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തിക്ക് കാത്തുനിൽക്കാതെ പടനിലം-നരിക്കുനി റോഡ് നവീകരിക്കാനുള്ള നടപടികൾ ത്വരിപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post