Trending

പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം


റിയാദ്: പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ്റെയും ശ്രീജയുടെയും മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. റിയാദിന് സമീപം അൽഖർജിലാണ് സംഭവം. അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശിക്കും പരുക്കേറ്റു. അൽഖർജ് സനാഇയിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്റെ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ഉടൻതന്നെ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. 2019ൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ശരത്കുമാർ സ്പോൺസറുടെ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ശരത് കുമാർ നാട്ടിൽനിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്.

ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കേളി ജീവകാരുണ്യ പ്രവർത്തകർ നടപടിക്രമങ്ങൾ പൂർത്തിയാക്കി എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിക്കുകയും തുടർന്ന് റോഡ് മാർഗ്ഗം വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post