കോഴിക്കോട്: പയ്യോളി ഇടിഞ്ഞകടവിൽ പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണ്ണം മോഷ്ടിച്ച കേസിൽ പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ. ചെറ്റയിൽ വീട്ടിൽ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഒന്നര പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
മോഷണം നടന്ന വീട്ടിൽ രണ്ടുദിവസം മുമ്പ് ഇയാൾ കോഴിക്കൂട് നിർമ്മാണത്തിനായി എത്തിയിരുന്നു. വീട്ടിൽ വിമലയെന്ന സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ ഇയാൾ പിന്നീട് തിങ്കളാഴ്ച പകൽ സമയം എത്തി വാതിലിന്റെ പൂട്ട് പൊളിച്ച് കിടപ്പുമുറിയിലെ പേഴ്സിൽ സൂക്ഷിച്ച സ്വർണ്ണ ചെയിൻ കവരുകയായിരുന്നു.
വിമലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച ആഭരണം ഇയാൾ പയ്യോളിയിലെ കടയിൽ വിറ്റ് 75000 രൂപ കൈപ്പറ്റിയതായി പോലീസ് കണ്ടെത്തി. തുടർന്ന് ആഭരണം പയ്യോളിയിലെ സ്വർണ്ണ വ്യാപാരിയായ സേട്ടുവിന്റെ കടയിൽ നിന്നും കണ്ടെടുത്തു. നേരത്തെയും ഇയാൾക്കെതിരേ കേസുകളുണ്ട്.