നരിക്കുനി: മടവൂർ പഞ്ചായത്തിലെ പ്രധാന പാതയായ പൈമ്പാലിശ്ശേരി-പുല്ലാളൂർ റോഡിന്റെ നവീകരണം വൈകുന്നു. ഒരു വർഷം മുൻപു ജലജീവൻ പൈപ്പിടൽ പൂർത്തീകരിച്ചെങ്കിലും റോഡ് നവീകരിച്ചില്ല. ഇരുവശങ്ങളും കീറിയിട്ടിരിക്കുന്നത് കാരണം മഴ പെയ്ത് റോഡരികുകൾ തകർന്നു. വെള്ളക്കെട്ടും രൂക്ഷമായി. വിവിധയിടങ്ങളിലേക്കായി നാല് ബസുകൾ ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. ഈ വഴിയുള്ള കാൽനട യാത്ര പോലും ദുസ്സഹമാണ്.
ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും പൈപ്പിടാൻ കീറിയ ഭാഗങ്ങളിൽ വലിയ വാഹനങ്ങൾ താഴ്ന്നു പോകുന്നതും ഈ റൂട്ടിൽ പതിവാണ്. പ്രതിഷേധം ശക്തമാകുമ്പോൾ കരിങ്കൽ ചീളുകൾ നിരത്താറാണ് പതിവ്. ഇളകി റോഡിൽ പരക്കുന്ന കരിങ്കൽ ചീളുകൾ കൂടുതൽ ഭീഷണിയായിട്ടുണ്ട്. നാലു കിലോമീറ്റർ ദൂരമുള്ള പൈമ്പാലിശ്ശേരി-പുല്ലാളൂർ റോഡ് നവീകരണത്തിനു നേരത്തെ ബജറ്റിൽ 6 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഫണ്ട് ലഭിക്കാത്തതാണു ജലജീവൻ പദ്ധതിക്കായി കീറിയ റോഡുകളുടെ നവീകരണം വൈകാൻ ഇടയാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.