ബാലുശ്ശേരി: ക്ഷേത്രത്തിനും മസ്ജിദിനും ഒരേ പ്രവേശന കവാടം നിർമ്മിച്ചു കൊണ്ട് മതം പറഞ്ഞ് കലഹിക്കുന്നവർക്കും കലാപങ്ങൾക്ക് കോപ്പ് കൂട്ടുന്നവർക്കും ഈ മണ്ണിൽ ഇടമില്ലെന്ന് ഉറക്കെ പറയുകയാണ് ബാലുശ്ശേരിയിലെ ജനങ്ങൾ. കല്ലാട്ട് കോവിലകം ശ്രീ പരദേവതാ ഭദ്രകാളി ക്ഷേത്രത്തിന്റെയും പനായി മഹല്ല് ജുമാ മസ്ജിദിന്റെയും ഭാരവാഹികൾ നിർമ്മിച്ച കവാടമാണ് മാനവിക ഐക്യത്തിന് പ്രചോധനമാകുന്നത്. ക്ഷേത്രകമ്മറ്റി ഭാരവാഹികളാണ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്. പള്ളി കമ്മറ്റി ഭാരവാഹികളും സമ്മതമറിച്ചതോടെ പിന്നെ എല്ലാം ദ്രുതഗതിയിലായിരുന്നു.
നബിദിനമടക്കമുള്ള ആഘോഷങ്ങൾക്ക് ക്ഷേത്രം മേൽശാന്തി ബാലചന്ദ്രൻ തിരുമേനിയടക്കം പള്ളിയിലെത്തുന്നതും പള്ളിയിലെ ഉസ്താദ് അബ്ദുൽ നാസർ മുസ്ലിയാർ ക്ഷേത്രചടങ്ങുകൾക്ക് എത്തുന്നതും ഇവിടുത്തെ മനോഹര കാഴ്ചയാണ്. ബാങ്കുവിളിയുടെയും നാമജബത്തിൻ്റെയും സ്വരമാധുര്യം ഒരുപോലെ കാണുന്ന നാട്ടിൽ ഈ സ്നേഹം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ കവാടം. കൊയിലാണ്ടി - താമരശ്ശേരി റോഡിലെ ഈ പ്രധാന കവാടം വൈകാതെ നാടിന് സമർപ്പിക്കും.
സാഹോദര്യവും സ്നേഹവും കരുതലുമൊക്കെ ഈ നാടിൻ്റെ അടയാളപ്പെടുത്തലുകളായി മാറണമെന്ന ചിന്ത ഞങ്ങളുടെ മനസ്സിൽ വന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സ്നേഹ കവാടമെന്ന് ഭാരവാഹികൾ പറഞ്ഞു.