നടുവണ്ണൂർ: നടുവണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്ക്. നടുവണ്ണൂർ നൊച്ചാട് മീത്തലെ കായത്തരിക്കൽ ലീല (72) ക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നൊച്ചാട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്ന് രാവിലെ 9.30 തോടെയായിരുന്നു സംഭവം.
തൊഴിലുറപ്പ് തൊഴിലാളിയായ ലീല ജോലി ചെയ്യുന്നതിനിടെ പിറകിലൂടെ ഓടിവന്ന നായ പെട്ടന്ന് ചാടി കടിക്കുകയായിരുന്നുവെന്ന് കൂടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ പറഞ്ഞു. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ലീലയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.