Trending

പ്രവർത്തനം പേരിന് മാത്രം; വട്ടോളി ബസാർ ജനകീയാരോഗ്യ കേന്ദ്രം ശോച്യാവസ്ഥയിൽ


ബാലുശ്ശേരി: സ്ഥല സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിലാണ് വട്ടോളി ബസാർ ജനകീയാരോഗ്യകേന്ദ്രം. സംസ്ഥാന പാതയ്ക്കരികിൽ വട്ടോളി ബസാറിൽ ഒരു പീടികമുറിയിലാണ് കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. കുട്ടികളും വയോജനങ്ങളുമടക്കം നിരവധി പേർക്ക് സഹായകമാകേണ്ട സർക്കാർ ആരോഗ്യ കേന്ദ്രമാണ് ഒറ്റമുറിയിൽ പേരിനുമാത്രം പ്രവർത്തിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കണമെന്ന വ്യവസ്ഥ വന്നതോടെ കെട്ടിടത്തിന്റെ നിറം മാറ്റി ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്നുകൂടി എഴുതിച്ചേർത്തിട്ടുണ്ട്. വട്ടോളി ബസാറിൽ സൗകര്യപ്രദമായ ഒരിടത്ത് കെട്ടിടം നിർമ്മിച്ച് സ്ഥാപനം അവിടേക്ക് മാറ്റണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് കാലമേറേയായെങ്കിലും നടപടിയുണ്ടായിട്ടില്ല. കെട്ടിടം നിർമ്മിക്കാൻ സ്ഥലം ലഭ്യമായിട്ടില്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വട്ടോളി ബസാർ പെരുമ്പാപ്പാറ കുളത്തിനു സമീപം പൊതുവായ പത്തുസെന്റിലേറെ സ്ഥലമുണ്ട് കുടുംബാരോഗ്യ കേന്ദ്രവും അതോടൊപ്പം വയോജനങ്ങൾക്കുള്ള വിശ്രമകേന്ദ്രവും ഇവിടെ സ്ഥാപിച്ചാൽ ഏറെ ഗുണകരമാകും എന്ന അഭിപ്രായമുയരുന്നുണ്ട്.

കുടുംബക്ഷേമ കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് ത്രിതല പഞ്ചായത്തുകൾ ചേർന്ന് അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പെരുമ്പാപ്പാറകുളം സംസ്ഥാന പാതയിൽ നിന്ന്‌ 50 മീറ്റർ അകലെയാണ്. കുളത്തിന് സമീപം വരെ റോഡുസൗകര്യവുമുണ്ട്. കുടുംബാരോഗ്യകേന്ദ്രം അവിടെ സ്ഥാപിച്ചാൽ ആളുകൾക്ക് എത്തിപ്പെടാനും പ്രയാസമുണ്ടാകില്ല. 

പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കേണ്ട ആരോഗ്യകേന്ദ്രം വട്ടോളി ബസാറിൽ ഉണ്ടെന്നുപോലും പലർക്കും അറിയില്ല. കെട്ടിടത്തിന് പുതിയ നിറം നൽകി ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേര് എഴുതിവെച്ചതോടെയാണ് പലരും ഈ സ്ഥാപനം ശ്രദ്ധിക്കുന്നത്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കേണ്ട സ്ഥാപനം പലപ്പോഴും അടഞ്ഞുകിടപ്പാണ്.

Post a Comment

Previous Post Next Post