ബാലുശ്ശേരി: എരമംഗലം പ്രദേശത്തെ കോറികളിൽ നിന്നുള്ള കരിങ്കല്ല് ലോഡുകളുമായി എത്തുന്ന വലിയ ടോറസ് ലോറികൾ നിരന്തരമായി സഞ്ചരിച്ച് കോക്കല്ലൂർ എരമംഗലം കാരാട്ടുപാറ റോഡ് തകർന്ന നിലയിലാണ്. പ്രദേശത്തെ രണ്ട് കരിങ്കൽ കോറികളിൽ നിന്നായി നിരവധി ലോറികളാണ് ഓരോ ദിവസവും അമിത ഭാരവുമായി റോഡിലൂടെ കടന്നുപോകുന്നത്. ചീക്കിലൊട്, കൊളത്തൂർ, കാരാട്ടുപാറ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കാണ് ലോറികൾ പോകുന്നത്.
നിരന്തരമായ സഞ്ചാരത്തിലൂടെ റോഡിൻ്റെ അവസ്ഥ വളരെ ദയനീയമായിരിക്കുകയാണ്. ബാലുശ്ശേരി പഞ്ചായത്ത് തല കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും, ചീക്കിലോട്, അത്തോളി ഭാഗങ്ങളിലേക്കും എളുപ്പത്തിൽ ബന്ധപ്പെടാൻ ഉപകരിക്കുന്ന റോഡാണിത്. എരമംഗലത്തെ കോറികൾക്കും, ക്രഷർ യൂണിറ്റിനും, എതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. എങ്കിലും ക്വാറി പ്രവർത്തനം നിർബാധം തുടരുന്നു.
പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതി പ്രകാരം നവീകരിച്ച റോഡിൽ എരമംഗലം എസ് വളവിൽ തകർച്ചയുടെ ആഴം വളരെ കൂടുതലാണ്. ഇവിടെ കോറി വെയ്സ്റ്റും മണ്ണുമിട്ട് നാട്ടുകാർ നികത്തിയെങ്കിലും തുടർന്നും ലോറികൾ സഞ്ചരിക്കുന്നത് കൂടുതൽ അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രദേശത്തെ യാത്രക്കാരുടെ സൗകര്യാർത്ഥം നാലോളം സ്വകാര്യ ബസ്സുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുമുണ്ട്. അതും തടസ്സപ്പെട്ടിരിക്കുകയാണ്