ബാലുശ്ശേരി: ജില്ലയിൽ തന്നെ കിടത്തി ചികിത്സയുള്ള വിരലിലെണ്ണാവുന്ന ആയുർവേദ ആശുപത്രികളിൽ ഒന്നായ തലയാട് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ ജീവനക്കാർ തമ്മിൽ ശീതപ്പോര് രൂക്ഷമായതോടെ രോഗികൾ വലയുന്നു. രോഗികളുടെ കൂടെ കൂട്ടിനു രാത്രിയിലും ആളുകൾ വേണമെന്ന അലിഖിത നിയമം പറഞ്ഞാണ് ആശുപത്രി അധികൃതർ നിരവധി രോഗികളെ തിരിച്ചയക്കുന്നത്.
എന്നാൽ രോഗികളുടെ കൂടെ സഹായത്തിനെത്തുന്നവർക്ക് രാത്രി കിടക്കാനോ ഇരിക്കാനോ ഉള്ള സൗകര്യങ്ങൾ ആശുപത്രിയിൽ നിലവിലില്ല. മതിയായ സൗകര്യമില്ലാത്തയിടത്ത് കൂട്ടിനു ആളെ നിർത്താൻ എങ്ങനെ കഴിയുമെന്നും രോഗികൾ ചോദിക്കുന്നു. നൂറുകണക്കിന് രോഗികളാണ് നിരാശയായി മടങ്ങി പോകുന്നത്. സ്ത്രീകളുടെ വാർഡിൽ രോഗികളുടെ ബെഡ്ഡുകൾ പകുതിയിലധികവും ഒഴിഞ്ഞ് കിടപ്പാണ്. നെഴ്സിങ് ജീവനക്കാർ രോഗിളോട് മോശമായി പെരുമാറുന്നതായും, അഡ്മിറ്റ് അനുവദിക്കാതെ തിരിച്ചയക്കുകയാണെന്നും രോഗികൾ ആരോപിച്ചു. വിഷയത്തിൽ ഉന്നത അധികാരികൾക്ക് പരാതി നൽകാനാണ് രോഗികളുടെ തീരുമാനം.