നടുവണ്ണൂർ: നടുവണ്ണൂർ തോട്ടുമൂല പള്ളിക്ക് സമീപം ചെറുതോട്ടിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകീട്ട് നാലുമണിയോടെ തോട്ടിൽ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഈ വഴി പോയ യുവാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രത്യക്ഷത്തിൽ മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വിവരമറിഞ്ഞ് നിരവധിയാളുകൾ സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജന പ്രതിനിധികളും പേരാമ്പ്ര പോലീസും സ്ഥലത്ത് എത്തി. സമീപ പ്രദേശത്ത് നിന്ന് ഏതാനും ദിവസം മുമ്പ് കാണാതായ ആളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.