ഷാര്‍ജ: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിൻ്റെ പുതിയ പ്രഖ്യാപനം. ഷാര്‍ജയില്‍ താമസിക്കുന്ന എല്ലാ വിദേശികൾക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. സ്വദേശികൾക്കും ആശ്രിതർക്കുമാണ് നിലവിൽ എമിറേറ്റിൽ സൗജന്യ ഇൻഷുറൻസ് നൽകുന്നത്. പുതിയ പ്രഖ്യാപനം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികകൾക്ക് ആശ്വാസകരമാണ്.
2025 ജനുവരി 1 മുതല്‍ വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനിരിക്കേയാണ് സുല്‍ത്താന്റെ പുതിയ പ്രഖ്യാപനം. സൗജന്യ ഇന്‍ഷുറന്‍സ് ഉടനെ ലഭ്യമാക്കുമെന്നാണ് ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനത്തിലുള്ളത്. നിലവിൽ പ്രതിവര്‍ഷം 15,000 ദിര്‍ഹത്തോളമാണ് ഇൻഷുറൻസിന് മാത്രം നാലംഗ കുടുംബത്തിന് ചെലവ് വരുന്നത്. എന്നാല്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തിലാവുന്നതോടെ സാധാരണക്കാർക്ക് ചിലവ് കുറയ്ക്കാനാകും.
അബൂദബിയിലും ദുബൈയിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെങ്കിലും കോവിഡിനു ശേഷം പ്രീമിയം കൂട്ടിയതോടെ കുടുംബാംഗങ്ങളുടെ തുക സ്വന്തമായി നല്‍കാന്‍ മിക്ക കമ്പനികളും ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.