Trending

കനത്ത മഴ വിളവിനെ ബാധിച്ചു; രാജ്യത്ത് ഉള്ളി വില കുത്തനെ ഉയരുന്നു


ന്യൂഡൽഹി: ജനങ്ങളുടെ നടുവൊടിച്ച് രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഉള്ളി ഉത്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ പെയ്യുന്ന കനത്ത മഴയാണ് ഉള്ളിയുടെ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. ദീപാവലിക്ക് പിന്നാലെ നടക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ ഉള്ളിവില സ്വാധീനം ചെലുത്തുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

മഴ കാരണം വിളവെടുക്കാൻ കഴിയാത്തതും, കൃഷി നശിച്ചതുമാണ് ഇപ്പോഴത്തെ ഉള്ള വിലവർദ്ധനവിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദീപാവലിക്ക് മുന്നേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ളി കയറ്റിയയ്ക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കനത്ത കാരണം അത് മുടങ്ങുകയായിരുന്നു. ഉള്ളി വരാൻ വൈകും എന്നുറപ്പായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വില ഉയർന്ന് കിലോഗ്രാമിന് 80 രൂപ വരെയെത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഉള്ളി എത്തുന്നതിൽ അനിശ്ചിതത്വം ഉയർന്നതോടെ തലസ്ഥാന നഗരിയിലെ ഉള്ള ഇറക്കുമതി സുഗമമാക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടതായാണ് റിപ്പോർട്ട്. വില നിയന്ത്രിക്കാനായി നിലവിലുള്ള സ്റ്റോക്കുകൾ പ്രത്യേക ട്രെയിനിൽ ദില്ലിയിലെത്തിക്കാൻ തീരുമാനമായി. എന്നാൽ അകാരണമായി വിളവെടുപ്പ് വെെകുകയാണെങ്കിൽ വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും ശക്തമാണ്.

നേരത്തെ സെപ്റ്റംബർ മാസത്തിൽ വിലക്കയറ്റ നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉള്ളി, തക്കാളി തുടങ്ങിയവയുടെ വിലവർധനവാണ് സെപ്റ്റംബറിലെ വിലക്കയറ്റത്തിന് കാരണമായത്. സെപ്റ്റംബറിൽ 5.49% എത്തിയ വിലക്കയറ്റം ഒക്ടോബറിലും ഇതേ രീതിയിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്. ഓഗസ്റ്റിൽ അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 3.65%ത്തിൽ നിന്നാണ് ഈ വർദ്ധനവ് എന്നതാണ ശ്രദ്ധേയം.

Post a Comment

Previous Post Next Post