തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോര്‍ട്ടായി വന്ന ആംബുലൻസ് ഉൾപ്പെടെയുള്ള 5 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാര്‍ക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
സ്കൂട്ടര്‍ യാത്രക്കാരി എം.സി റോഡില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്കൂട്ടറില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല. മുഖ്യമന്ത്രി കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.