കക്കയം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ റിസര്‍വോയറില്‍ അപ്രതീക്ഷമായി മലവെള്ളം ഒഴുകിയെത്തി. പാറക്കടവ് ഭാഗത്ത് സ്ഥലം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ വെള്ളം ശക്തിയോടെ ഒഴുകി വരുന്നത് കണ്ട് ഓടി മാറിയത് കൊണ്ടാണ് അപകടം ഒഴിവായത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വന മേഖലയില്‍ പെയ്ത ശക്തമായ മഴയാണ് പുഴയില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണമായത്. ഇത്തരം മലവെള്ളപ്പാച്ചില്‍ ഈ സ്ഥലത്ത് ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് ടൂറിസ്റ്റുകള്‍ മലവെള്ളപ്പാച്ചിലില്‍ മരണപ്പെട്ടിരുന്നു.
നഗര പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് വനമേഖലയില്‍ പെയ്യുന്ന മഴയുടെ സ്വഭാവത്തെ കുറിച്ചും, സ്ഥലത്തെ കുറിച്ചും അറിയാത്തതാണ് അപകടങ്ങളിലേക്ക് വഴി വെക്കുന്നത്. അപകട സാഹചര്യങ്ങൾ ഗാര്‍ഡുമാരും നാട്ടുകാരും ചൂണ്ടിക്കാണിച്ചാലും അത് മുഖവിലക്കെടുക്കാന്‍ സഞ്ചാരികള്‍ തയ്യാറാവാറില്ല.