Trending

കൊയിലാണ്ടി കാട്ടിലപീടികയിൽ അരങ്ങേറിയത് നാടകം; പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ, 37 ലക്ഷം കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടി കാട്ടിലപ്പീടികയിൽ എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണം കണ്ണിൽ മുളകുപൊടി വിതറി കവർന്നെന്ന പരാതി നാടകമായിരുന്നെന്ന് പോലീസ്. സംഭവത്തിൽ പരാതിക്കാരൻ പയ്യോളി സ്വദേശി സുഹൈലും സുഹൃത്ത് താഹയും അറസ്റ്റിൽ.

സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേർന്നാണ് സംഭവം ആസൂത്രണം ചെയ്തത്. കോലാഹലങ്ങൾ കെട്ടടങ്ങിയാൽ പണം സ്വന്തമാക്കാമെന്ന ധാരണയിലാണ് കവർച്ച ആസൂത്രണം ചെയ്തത്. താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സുഹൈലിനെ കാറിൽ കെട്ടിയിട്ട് നാടകം നടത്തിയത് മൂവർ സംഘമാണെന്നുമാണ് പോലീസ് പറയുന്നത്.

കാറിൽ വരുന്നതിനിടെ, ലിഫ്റ്റ് ചോദിച്ച സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് 25 ലക്ഷം രൂപ കവർന്നെന്നായിരുന്നു സുഹൈലിൻ്റെ ആദ്യ പരാതി. കാറിൽ രണ്ടുപേർ കയറി തന്നെ മർദ്ദിച്ച് ബോധരഹിതനാക്കിയതിനാൽ ഒന്നും ഓർമയില്ലെന്നും പറഞ്ഞു. എന്നാൽ, പിന്നീടിത് കുരുടിമുക്കിൽ വച്ച് യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ കാറിന്റെ മുന്നിലേക്ക് വീണുവെന്നും കാർ നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിച്ചുവെന്നുമായി മൊഴി. കവർന്ന സംഖ്യ 25 ലക്ഷം എന്നത് 72,40,000 രൂപയുമായി. മൊഴിയിലെ വൈരുധ്യങ്ങൾ പോലീസിന് ദുരൂഹത വർധിപ്പിച്ചു. പിന്നീട്, സാഹചര്യ തെളിവുകൾ കൂടി ലഭിച്ചതോടെ ഇത് എ.ടി.എമ്മിൽ നിക്ഷേപിക്കാനേൽപ്പിച്ച പണം തട്ടാൻ പ്രതികൾ കണ്ടെത്തിയ കുബുദ്ധിയാണെന്ന് പോലീസ് പ്രതികരിച്ചു.

രണ്ടുപേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്നുപറഞ്ഞ സ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. യുവാവിനെ നാട്ടുകാർ കണ്ടെത്തുമ്പോൾ കാറിനകത്തും ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോർ അടച്ചില്ലെന്നുമുള്ള ദൃക്‌സാക്ഷികളുടെ മൊഴികൾ കേസിൽ നിർണായകമായി. വൈദ്യ പരിശോധനയിൽ കണ്ണിൽ മുളക് പൊടി ആയില്ലെന്നതും ശരീരത്തിൽ മർദ്ദനമേറ്റ പാടുകളില്ലെന്നും തെളിഞ്ഞു. സംഭവസ്ഥലത്ത് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ, സംശയകരമായതൊന്നും കണ്ടെത്താനോ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.


Post a Comment

Previous Post Next Post