Trending

നടുവണ്ണൂരിൽ വീടുകുത്തിത്തുറന്ന് 26 പവൻ സ്വർണ്ണവും കാൽ ലക്ഷം രൂപയും കവർന്ന കേസിൽ കൂരാച്ചുണ്ട് സ്വദേശി പിടിയിൽ

നടുവണ്ണൂർ: നടുവണ്ണൂർ കാവുംതറയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി 5 മാസത്തിനുശേഷം പോലീസ് പിടിയിൽ. കൂരാച്ചുണ്ട് കാളങ്ങാലിയിൽ പാറയിൽ മുസ്തഫ എന്ന മുത്തു ആണ് പോലീസിന്റെ പിടിയിലായത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം രാത്രി വീടിൻ്റെ മുൻഭാഗത്തെ ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 26 ഓളം പവൻ സ്വർണവും 25,000 രൂപയും കളവു ചെയ്യുകയായിരുന്നു. 

ഈ കേസിലെ കൂട്ടുപ്രതിയെ കൂടി അന്വേഷിച്ചെങ്കിലും പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ കേരളത്തിനു പുറത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. മുസ്തഫയെ മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതി കോഴിക്കോട് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

അഞ്ച് മാസമായിട്ടും പ്രതിയെ കിട്ടാതിരുന്നതോടെ കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിൻ്റെ നേതൃത്തിലുള്ള സംഘവും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post