കോഴിക്കോട്: നഗരത്തില്‍ എക്സൈസ് വകുപ്പിന്‍റെ വന്‍ ലഹരി മരുന്ന് വേട്ട. ഇരുനൂറ്റി ഇരുപത് ഗ്രാം മെത്തഫിറ്റഫിന്‍ എന്ന രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. എക്സൈസ് കോഴിക്കോട് ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ബസ്റ്റ്സ്റ്റാന്‍റ് പരിസരത്തായിരുന്നു പരിശോധന. മാരക രാസലഹരിയായ മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. മലപ്പുറം ആതവനാട് കരിപ്പോള്‍ സ്വദേശികളായ പി.പി അജ്മല്‍, മുനവീര്‍ കെപി എന്നിവരും കാടാമ്പുഴ സ്വദേശി ലിബിലി സനാസുമാണ് പിടിയിലായത്.
ഇവര്‍ ബംഗലുരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചില്ലറ വിതരണം നടത്തുന്നവരാണെന്ന് എക്സൈസ് അറിയിച്ചു. മൂന്ന് ലക്ഷം രൂപക്ക് ബംഗലുരുവില്‍ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് പന്ത്രണ്ട് ലക്ഷത്തോളം രൂപക്കാണ് ഇവര്‍ ചില്ലറ വിപണിയില്‍ വില്‍ക്കുന്നത്. ഇതിന് മുന്‍പും പ്രതികള്‍ രാസലഹരി കടത്തിയിട്ടുണ്ട്. നിലവിൽ ഇവര്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
മെത്താംഫിറ്റമിന്‍ ക്രിസ്റ്റല്‍ വൈറ്റ്, ബ്രൗണ്‍ നിറങ്ങളിലാണ് വിപണിയില്‍ അനധികൃതമായി വില്‍ക്കുന്നത്. പ്രതികളില്‍ നിന്ന് ക്രിസ്റ്റല്‍ വൈറ്റ് നിറത്തിലുള്ള ലഹരിപദാര്‍ത്ഥമാണ് പിടികൂടിയത്. ഒരു ഗ്രാമിന് നാലായിരം രൂപ വരെ ഈടാക്കുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ അറിയിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത രാസ ലഹരിയുടെ തൂക്കം പരിശോധിക്കുമ്പോള്‍ ഇരുപത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെല്ലാവരും ഇരുപത്തഞ്ച് വയസ്സില്‍ താഴെ പ്രായമുള്ളവരാണ്.