അങ്കോറ: തുര്‍ക്കിയിലെ അങ്കാറയില്‍ ഭീകരാക്രമണം. ആക്രമത്തിൽ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഭീകരന്മാരും മൂന്നു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചില പ്രാദേശിക മാധ്യമങ്ങള്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു സംഘം ഭീകരവാദികൾ തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് ആസ്ഥാനത്തെത്തി അവരില്‍ ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം.
തുര്‍ക്കിഷ് എയ്‌റോസ്‌പെസ് ഇന്‍ഡസ്ട്രീസിന് നേരെ ഭീകരാക്രമണം നടന്നതായും പൗരന്മാര്‍ക്ക് ജീവന്‍നഷ്ടമായെന്നും തുര്‍ക്കി മന്ത്രി അലി യെര്‍ലികായ എക്‌സിലൂടെ അറിയിച്ചു. ഉക്രൈനിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച സ്ഥലത്താണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തോക്കുമായി ആക്രമികള്‍ ഒരു കെട്ടിടത്തില്‍ കയറുന്നതും ആളുകള്‍ക്ക് നേരെ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.